ദീപ ടീച്ചറുടെ പോസ്റ്റുകൾ വായിക്കുന്നതു കൊണ്ടും ഭൂതകാലക്കുളിർ ഉണ്ടാക്കിയ വീർപ്പുമുട്ടലുകൊണ്ടുമാകാം എഴുതണം എഴുതണം എന്ന് ഉള്ളിലിരുന്നാരോ നിർബന്ധിക്കുന്നത്...
എങ്കിൽ എഴുതിക്കളയാം ... എഴുതിയില്ലെങ്കിൽ ഭൂതകാലക്കുളിരുവന്നെന്നെ പുതക്കും പനിച്ചും വിറച്ചും ഞാനില്ലാതാകും ...
പക്ഷേ എന്തെഴുതും ? ദീപ ടീച്ചറുടേതു പോലെ ഒരുപാടൊന്നും അനുഭവങ്ങൾ എനിക്കില്ലല്ലോ ...
എങ്കിലും എഴുത്ത് കോളേജ് മുറ്റത്തു നിന്ന് തുടങ്ങാം
അവിടെ നിന്നൊരു കാറ്റു വീശിത്തുടങ്ങിയിട്ടുണ്ട് കഴിഞ്ഞ വർഷം വേനലവധി മുതൽ ...
ആ കാറ്റിന്റെ കുളിരു തന്നെയാണ് വീണ്ടുമെന്നെ ആ മുറ്റത്തെത്തിച്ചതും!!
ഭാവിയിൽ ബയോളജിസ്റ്റാവുന്നതും കാൻസറിനുള്ള മരുന്ന് കണ്ടു പിടിക്കുന്നതും അങ്ങനെ വൈദ്യശാസ്ത്രത്തിലെ അപാരമായ കണ്ടു പിടിത്തത്തിന് നോബേൽ പ്രൈസ് ലഭിക്കുന്നതുമൊക്കെ ചുമ്മാ സ്വപ്നം കണ്ടു നടക്കുന്ന കാലത്താണ് ഭാവിയിലെ നോബേൽ പ്രൈസ് സ്വപ്നങ്ങളെ കാറ്റിൽ പറത്തി വീട്ടുകാരുടെ ഉത്തരവിറങ്ങുന്നത്
"സുല്ലമ് മതി" ...
"എത്ര കുട്ട്യേള് പഠിക്കണ കോളേജാ"...
"മുറ്റത്തൊരു കോളേജുണ്ടായിട്ട് ബസ്സ് കേറി പോണോ... "
സെന്റിമെൻസ് കൊണ്ടെന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു വീട്ടുകാർ !
അവരുണ്ടോ അറിയുന്നു ഭാവി ബയോളജിസ്റ്റിന്റെ ധർമ്മ സങ്കടങ്ങൾ ...!!
അങ്ങനെ വീട്ടുകാരുടെ സെന്റിമെൻസിൽ അകപ്പെട്ട ഞാൻ തൽക്കാലം സാഹിത്യ നോബേലു കൊണ്ട് തൃപ്ത്തിപ്പെടാം എന്നു വച്ചാണ് ഇംഗ്ലീഷ് സാഹിത്യം തിരഞ്ഞെടുക്കുന്നത് ...
ഇംഗ്ലീഷ് സാഹിത്യത്തെക്കുറിച്ചോ ഭാഷയെക്കുറിച്ചോ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഞാനാണ് അത് പഠിക്കാൻ പോണത് ...
എനിക്ക് എന്നോടു തന്നെ പുഛം തോന്നി ...
അല്ലെങ്കിൽ തന്നെ ഈ വരത്തന്മാരുടെ ഭാഷ പഠിക്കുന്നോണ്ട് ഒരു കാര്യൂല്ല ...
പണ്ട് ബ്രിട്ടീഷുകാരു വന്ന് നമ്മളെ ഭരിച്ചൂന്ന് വെച്ചിട്ട് നമ്മളവരുടെ ഭാഷ പഠിക്കണോ?? ...
ഇങ്ങനെ ഒരു മാതിരി ചിന്തകളുമായാണ് ഞാൻ ആദ്യമായ് കോളേജിന്റെ പടി കയറുന്നത് ( ഈ ചിന്തകളൊക്കെ പിന്നീട് മാറിയിട്ടുമുണ്ട്)
അങ്ങനെ സുല്ലമിലെ പേരുകേട്ട ആ ഡിപ്പാർട്ടുമെന്റിനു മുൻപിൽ ഞാൻ നഖവും കടിച്ച് ക്രീസിലെ രാഹുൽ ദ്രാവിഡിനു പ്രാക്ടീസ് ചെയ്തു ...
ക്ലാസ്സ് ഏതാണെന്ന് അറിഞ്ഞാലല്ലെ കയറി ഇരിക്കാൻ പറ്റൂ ...
എനിക്കതറിഞ്ഞൂടാ ആരോടും ചോദിക്കാനും വയ്യ!! എന്റെ നിൽപ് കണ്ടിട്ടോ എന്തോ ഏതോ ഒരു കുട്ടി പരിജയപ്പെടാൻ വന്നു
"ഫസ്റ്റിയറാ" ?
"ആ ... ഫസ്റ്റിയറിന്റെ ക്ലാസ്സ് "...??
കിട്ടിയ തരത്തിന് ഞാൻ ചോദിച്ചു
"ആ ക്ലാസ്സാണ്"...
ആ കുട്ടി ഒരു ക്ലാസ്സ് മുറി ചൂണ്ടിക്കാട്ടി
ആശ്വാസം !!
ഞാൻ ദ്രാവിഡ് പ്രാക്ടീസ് നിർത്തി ക്ലാസ്സിലേക്കു കടന്നു ..
ആ കുട്ടിയും അതിന്റെ പാട്ടിനുപോയി ( അത് ആരായിരുന്നു എന്ന് എനിക്കിന്നും അറിയില്ല ഹിബ (Hiba Nabiha ........) ആയിരുന്നോ എന്ന് സംശയം...ആരായിരുന്നാലും നന്ദി )
ക്ലാസ്സിൽ കടന്ന് ഞാൻ ഒരു രംഗവീക്ഷണം നടത്തി
കുറേ അപരിചിത മുഖങ്ങൾ അപ്പോഴുണ്ട് ഒരു ബെഞ്ചിന്റെ അറ്റത്തിരിക്കുന്നു എന്റെ പഴയ സ്കൂൾ മേറ്റ് ഹദിയ!!
പിന്നൊന്നും ആലോചിച്ചില്ല ഞാൻ അവളുടെ തൊട്ടടുത്ത് സ്ഥാനം പിടിച്ചു ( ഹദിയാ... അന്ന് തീർത്തും അപരിചിതമായ ആ ക്ലാസ്സിൽ നിന്നെ കണ്ടെത്തിയപ്പോൾ എനിക്കുണ്ടായ സന്തോഷം അതിപ്പോഴും മായാതെ കിടക്കുന്നുണ്ട് ഉള്ളിലെവിടെയോ നിന്നെ കാണുമ്പോഴൊക്കെ അത് പുറത്തു ചാടും)
അവളുമായി അല്ലറ ചില്ലറ കുശലാന്വേഷണങ്ങളൊക്കെ നടത്തിയപ്പോയേക്കും സാർ വന്നു ... സാറിന്റെ പരിജയപ്പെടലും പരിജയം പുതുക്കലുമെല്ലാം കഴിഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി
ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ക്ലാസ്സ് അല്ല ... അല്ലെങ്കിൽ പിന്നെ ഞങ്ങൾ കുറച്ചു പേർ മാത്രം പുതിയ കുട്ടികൾ ആവില്ലല്ലോ ...
അപ്പോൽ ദേ വരുന്നു വേറൊരു പുതിയ കുട്ടി ...
അവൾ വന്നിരുന്നത് എന്റെ തൊട്ടടുത്താണ്
"ഇയ്യ് ഡെൽറ്റേൽ ഇല്ലേനോ"...
"ആ ഉണ്ടായിരുന്നു "
"ഇൻക് അന്റെ മൊഖം കണ്ടപ്പയേ മനസ്സിലായി" ...
എനിക്കാണെങ്കിൽ അവളെ മുൻപൊന്നും കണ്ടതായ ഒരോർമ്മയും ഇല്ല ( പക്ഷെ , അവളെ പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട് ,ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിച്ചത് അവളെന്നെ ഓർമ്മിപ്പിച്ചിട്ടുണ്ട് ഒരിക്കൽ ദിൽഷ (Dilsha Muhammed) ആയിരുന്നു അത് ...)
ഡെൽറ്റ എന്ന് കേൾക്കുമ്പോൾ സുന്ദർബെൻസ് ഒന്നും ഓർത്തു പോവരുത്
ഡെൽറ്റ ഞങ്ങളുടെ ട്യൂഷൻ സെന്ററാണ്
മുഴുവൻ പേര് ഡെൽറ്റ പ്ലസ് ...
എന്നാലും ആഴ്ച്ചയിൽ ഒരിക്കൽ മാത്രം പോകുകയും
( അതും ബോട്ടണിയോ സൂവോളജിയോ അന്നുണ്ടെങ്കിൽ മാത്രം ) എല്ലാ മാത്സ് ക്ലാസ്സിലും സ്ഥിരമായ് മുങ്ങുകയും ചെയ്യാറുള്ള എന്നെ ഒരാൾ തിരിച്ചറിയുക എന്നു വച്ചാൽ ചില്ലറ കാര്യമാണോ !! ( രാവിലെ ബയോളജിയും ഉച്ചക്കു മാത്സും ആവുന്ന ചില ദിവസങ്ങളിൽ അവിടുന്ന് മുങ്ങാനുള്ള പാട് എനിക്കേ അറിയൂ ... അപൂർവ്വം ചില ദിവസങ്ങളിൽ ടൈംടേബിളിനു വിരുദ്ധമായി യാതൊരു മുന്നറിയിപ്പുമില്ലാതെ കണക്കു മാഷ് പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ പെട്ടു പോവാറുണ്ട് )
ഡെൽറ്റയിലെ സുന്ദരമധുരമായ ബോട്ടണി ക്ലാസ്സിലേക്ക് എന്റെ ഓർമ്മകളെ ഊതി പ്പറപ്പിച്ചു അവൾ ...
"മോണോകോട്ട് പ്ലാന്റ്സ് "
"ഡൈകോട്ട് പ്ലാന്റ്സ് "
രാജൻ മാഷ്...!!
ഓർമ്മകൾ ചരടുപൊട്ടിയ പട്ടം പോലെ ആണല്ലോ ...
ഇല്ല , രാജൻ മാഷില്ല ,
യഹ്യാ സാർ ആണ് ...
സോണറ്റിനെ കുറിച്ചാണ് ക്ലാസ്സ്
"സോണറ്റ് ഈസ് എ ഫോർട്ടീൻ ലൈൻ പോയം"
"സോണറ്റ്സ് ആർ പെട്രാർക്കൻ ആന്റ് ഷേക് സ് പീരിയൻ "...
ഇപ്പറഞ്ഞതിൽ ഷേക്സ്പിയറെ മാത്രമേ ഞാൻ കേട്ടിട്ടൊള്ളൂ ...
പത്താം ക്ലാസ്സിൽ വെച്ചാണ് അവസാനമായി ഷേക് സ് പിയറെ കണ്ടത്
അന്റോണിയോവും ബസ്സാനിയോയുമെല്ലാം ഓർമ്മകളുടെ രഥവും ഓടിച്ചങ്ങനെ കടന്നു പോയി ...
അന്നത്തെ ദിവസം അങ്ങനെ കടന്നു പോയി
രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങളുടെ ക്ലാസ്സ് മാറ്റി അന്നു വന്നതൊരു ടീച്ചറാണ് ...
അതെന്താ അപ്പോൾ ടീച്ചേർ സ് അല്ലെ ഇതു വരെ വന്നവർ ഒന്നും ??
അല്ല, മാഷന്മാരാണ് എന്ന് ഞാൻ പറയും
അതാണ് പറഞ്ഞത് ഈ ഇംഗ്ലീഷു ഭാഷേല് മാഷും ടീച്ചറും ഒന്നുമില്ല ടീച്ചറേ ഉള്ളൂ ...നമുക്കല്ലേ അതൊക്കെ ഉള്ളത് ...
അല്ല മാഷും ടീച്ചറും മലയാളത്തിലില്ല അധ്യാപകനും അധ്യാപികയും ആണ് എന്നൊന്നും പറഞ്ഞേക്കരുത് ... പറഞ്ഞു വന്നത് ക്ലാസ്സിലേക്കു വന്ന ടീച്ചറെക്കുറിച്ചാണ് ടീച്ചർ വന്നതും ക്ലാസ്സെടുത്ത് തുടങ്ങി ...
മഹാ പണ്ഡിതന്മാരും പണ്ഡിതകളുമായ ഞങ്ങളുടെ പാണ്ഡിത്യം ടീച്ചറന്ന് ക്ലാസ്സിൽ വെച്ചളന്നു ...
ടീച്ചറൊരു ടെൻസിന്റെ പേരു പറയും ഓരോരുത്തരായി ചെന്ന് അതിനൊരുദാഹരണം ബോർഡിൽ എഴുതണം
പണിപാളി എന്നെനിക്കു ബോധ്യമായി അതെന്താ നീ സ് കൂളിൽ ഇതൊന്നും പഠിച്ചിട്ടില്ലേ എന്നും ചോദിക്കരുത് ... ഒന്നോ രണ്ടോ മാസക്കാലം ടെൻസ് മാത്രം പഠിപ്പിച്ച തോംസൺ മാഷിന്റെ പ്രിയ ശിഷ്യ ഗണങ്ങളിൽ ഒരുവളാണ് ഞാൻ ... മാഷ് പഠിപ്പിക്കാഞ്ഞിട്ടോ ഞാൻ പഠിക്കാഞ്ഞിട്ടോ അല്ല
പരീക്ഷ്ക്കു പഠിച്ചാൽ അത്ര ഒക്കെയേ പഠിയൂ ....!!
ബോർഡിൽ ഞാൻ എഴുതുന്നതെങ്ങാനും തെറ്റിയാൽ ഈ കുട്ട്യോള് എന്ത് വിചാരിക്കും ??
എനിക്കത് മാനക്കേടല്ലേ...
കുറച്ചിലല്ലേ...
എന്റെ ആത്മാഭിമാനം സടകുടഞ്ഞെഴുന്നേറ്റു ... എത്രപേർക്ക് ശരി എഴുതാനാവും ..
ഞാൻ ശരി തെറ്റുകളെക്കുറിച്ചോർത്തിരിക്കുമ്പോഴാണ് പിൻ വാതിലിലൂടെ കുറേ കുട്ടികൾ കടന്നു വന്നത്
മുന്നിൽ ഒരു നരുന്ത് ചെക്കനുണ്ട്
അവന്റെ പിന്നിൽ വരിയായ് വേറെ ചിലരും
അവരുടെ കയ്യിൽ ബക്കറ്റ്
പാലിയേറ്റീവിനുള്ള സംഭാവന പിരിക്കാൻ വന്നതാണ് !
വന്നു കയറിയതും മുന്നിലുള്ള നരുന്ത് ചെക്കൻ പ്രസംഗം തുടങ്ങി!
നല്ല ഉഷാർ ഇംഗ്ലീഷ് !!
അവനെങ്ങോട്ടോ തിരക്കിട്ട് പോകാനുണ്ടെന്ന് തോന്നും
അവന്റെ സംസാരത്തിന്റെ വേഗം അത്രക്കുണ്ട് !
അല്ലെങ്കിൽ തന്നെ മനുഷ്യനിവിടെ ദേഷ്യം പിടിച്ചിരിക്കുമ്പോഴാണ് അവന്റെ ഒരു ഇംഗ്ലീഷ് ഞാൻ സകല നീരസവും മുഖത്തെടുത്തണിഞ്ഞിട്ട് അവനെ നോക്കി ...
അവനും അവന്റെ ഒരു ഇംഗ്ലീഷും
തരില്ലെടാ ഒറ്റ ചില്ലി പൈസാ ഞാൻ തരില്ല
പാലിയേറ്റീവിന്റെ പിരിവല്ലേ
നിനക്ക് മലയാളത്തിൽ പറഞ്ഞാൽ പോരേ ...
അന്നത്തെ അവന്റെയാ പ്രസംഗത്തോട് കൂടി കണക്കിലെ വലിയൊരു തെറ്റ് ഞാൻ തിരുത്തി
നീളവും വീതിയും ഒന്നും അളക്കാൻ ഒരു സ് കെ യിലിന്റെയും പെൻസിലിന്റെയും ആവശ്യമില്ല
അവന്റെ നാക്കിന്റെ നീളം അതൊന്നും ഇല്ലാതെ തന്നെ ഞാനന്നളന്നു...
മിന്നലു പോലെ അവൻ അപ്രത്യക്ഷനായി ...
ബെല്ലടിച്ചു , ടീച്ചറു പോയി
അവനവന്റെ പാണ്ഡിത്യം ഒക്കെ എല്ലാവർക്കും മനസ്സിലായി
ഏതാ ആ ചെക്കൻ ...??
ഞാൻ അടുത്തിരുന്നവരോടൊക്കെ ചോദിച്ചു
ആവോ ....എല്ലാവരും കൈമലർത്തി ...
പേരില്ലാത്ത അവനെന്നെ അക്ഷരാർത്ഥത്തിലും അക്കാർത്ഥത്തിലും ഞെട്ടിച്ചു കളഞ്ഞു ...എന്നാലും അവനാര് എന്നൊരു സംശയം പിന്നെയും ബാക്കി ആയി
( അറിഞ്ഞിട്ടുണ്ട് അവൻ ആരാണെന്നും എന്താണെന്നും ഒരു ക്യാമ്പസ് കാലമത്രയും അവൻ എനിക്കൊരു സുഹൃത്തായിരുന്നു)
ക്യാമ്പസിൽ പിന്നെയും എത്രയോ ഇലകൾ പൊഴിഞ്ഞു വീണു
മഴ പലവട്ടം പെയ്തു തോർന്നു ... മഴ മെല്ലെ ചാറിത്തുടങ്ങിയ ഒരു പ്രഭാതത്തിലാണ് ഡിപ്പാർട്ടുമെന്റ് അടക്കം ഞങ്ങൾ പുതിയ ബിൽഡിങ്ങിലേക്കു കൂടു മാറിയത്
പുതിയ ക്ലാസ്സിലിരുന്നാൽ എനിക്ക് ചെക്കുന്ന് മല കാണാം
ചാലിയാറിനു കുറുകേ പാലത്തിലൂടെ ഓടി മറയുന്ന വാഹനങ്ങൾ കാണാം
ജാലക കാഴ്ചകളിൽ മനോഹരം ചെക്കുന്ന് തന്നെയാണ്
'തലമുറകളിൽ'അരിയക്കോടിനെ വരച്ചിട്ട വിജയൻ മാഷിന്റെ ചെക്കുന്ന് ...!
ചെക്കുന്നിന്റെ ഉച്ചിയിൽ മഴമേഘങ്ങൾ ചിത്രം വരയ്ക്കാറുണ്ട് ,
അപ്പോൾ കാറ്റ് വന്ന് അതൊന്ന് മെല്ലെത്തൊടും
മേഘം മുഖം കറുപ്പിക്കും
അതു കണ്ടാൽ കാറ്റിനു കലികയറും
പിന്നെ ഒറ്റ വീശലാണ് ....
മേഘ പെണ്ണ് പൊട്ടിക്കരയും !
ചിലപ്പോളവൾ ആർത്തു വിളിക്കും !
മറ്റു ചിലപ്പോൾ കോപം കൊണ്ടവൾ പൊട്ടിത്തെറിക്കും ...!
ഞാൻ തലയും താഴ്ത്തി കണ്ണും പൂട്ടി ഇരിക്കും
എനിക്കിതൊന്നും കാണാൻ വയ്യേ...!!
അവൾ നിശബ്ദമായ് കരയുന്ന ചില ദിവസങ്ങളുണ്ട് ,
അവളുടെ കണ്ണുനീരങ്ങനെ ഇറ്റിറ്റു വീഴുമ്പോൾ
മെല്ലെ കൈ ജനലിലൂടെ പുറത്തേക്കിട്ട് ഞാനവളുടെ കണ്ണുനീരെന്റെ കൈകളിലേറ്റു വാങ്ങും ... അങ്ങനെ ചെയ്യുമ്പോൾ അവളൊന്ന് വെളുക്കെ ചിരിക്കും
ദൂരെ ചെക്കുന്നിന്റെ മലമടക്കുകളിൽ തട്ടി ആ ചിരി പ്രതിഫലിക്കും ...
മനസ്സു കൊണ്ട് ഞാനും അപ്പോൾ ചിരിക്കാറുണ്ട് അവളുടെ സങ്കടം മാറി എന്നറിഞ്ഞ സന്തോഷത്തിന്റെ ചിരി... :-)
Keep writing dear💖
ReplyDelete