"ഒരു വാക്കു പോലും ഉരിയാടാതെ
മറുപടിയില്ലാത്ത മൗനത്തിലാണ്ടു പോകുന്നു
ഈ ഇലപൊഴിയും കാലത്തെ സ്നേഹ ബന്ധങ്ങളൊക്കെയും"
എന്ന് ഷെൽവി എഴുതിയിട്ടുണ്ട് ...
അതങ്ങനെയാണ് ചില സൗഹൃദങ്ങളും
ഒറ്റപ്പെടലിന്റെ തുരുത്തുകളിലേക്ക് നമ്മെ വലിച്ചെറിയും
എന്നാൽ ചിലരുണ്ട് മരത്തിന് വേരെന്ന പോലെ ...
സൗഹൃദങ്ങൾ ആഘോഷിക്കാൻ ഒരു ദിനം ആവശ്യമില്ലെങ്കിൽ പോലും
ചിലരെയൊക്കെ ഓർത്തെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടീ ദിനം
മനപ്പൂർവ്വം മറന്നു കളഞ്ഞവരെ ,
തിരക്കില്ലാതിരക്കുകൾക്കിടയിൽ സൗഹൃദത്തിന്റെ കണ്ണിയറ്റു പോയവരെ
പിന്നെ മറുപടി യില്ലാതെ മൗനത്തിലാണ്ടു പോകുന്നവരെ ...
"ഞാനും പോരും ഇസ്കൂളീക്ക്..."എന്ന് വാശി പിടിച്ച് , ആണും പെണ്ണുമെന്ന് അകറ്റി നട്ട ബെഞ്ചുകളെ വെല്ലു വിളിച്ച് , അഞ്ചു പേർക്കിരിക്കാവുന്നിടത്ത് ആറാമനായ് വന്നിരുന്ന ഒരുവനുണ്ട് ...
സ്കൂളിൽ ചേർക്കാതെ അറ്റെണ്ടൻസ് രജിസ്റ്ററിൽ സ്ഥാനം പിടിച്ചവൻ ...
ബാഡ് മിന്റൺ ബാറ്റു കൊണ്ട് ക്രിക്കറ്റ് കളിക്കാനും , മരം കയറാനും എന്നെ പഠിപ്പിച്ചവൻ ...
പിണങ്ങുമ്പോൾ
"അണക്ക് ഞാൻ ചക്ര ഷൂസ് തരൂലെടീ "
"കാട്ടിലെ കണ്ണൻ കാണിച്ച് തരൂലെടീ..."
"അന്നെ ഞാൻ കൂളച്ചന്റെ തോക്ക് കൊണ്ട്‌വെടിവെക്കുമെടീ"
എന്നൊക്കെ ഭീഷണിപ്പെടുത്തുന്നവൻ
"ധൈര്യമുണ്ടെങ്കിൽ ചാടെടാ" എന്ന എന്റെ ആക്രോഷം കേട്ട് ആഴമുള്ള കുഴിയിലേക്ക് എടുത്തു ചാടിയവൻ ...
ഒരുമിച്ച് പെറുക്കാൻ മഞ്ചാടി ഇല്ലാഞ്ഞിട്ടോ,
മുല്ലയ്‌ക്ക് മണമില്ലാതായതു കൊണ്ടോ,
നിറഞ്ഞു പൂത്തിരുന്ന അരണി മരം വെട്ടിപ്പോയതിനാലോ,
നൂലുകെട്ടിപ്പറപ്പിക്കാൻ തുമ്പികളെ കാണാഞ്ഞിട്ടോ ,
പാറി നടക്കാൻ അപ്പൂപ്പൻ താടികൾ ഇല്ലാഞ്ഞിട്ടോ ഒക്കെ ആവാം
അരുതുകൾ ആരും കൽപ്പിക്കാതിരുന്നിട്ടും
മതിലുകൾക്കുള്ളിലായിപ്പോയത് ഞങ്ങൾ
സ്കൂൾ ഓർമ്മകളിൽ വേറെയും ചിലരുണ്ട്
എന്നും പിണങ്ങുന്ന ഹദിയയും സഫീദയും ...
കത്തെഴുതി കത്തെഴുതി പിണക്കം മാറ്റുന്നവർ ,
കല്ലു കളിക്കാനും കക്കു കളിക്കാനും എന്നെ പഠിപ്പിക്കാൻ പണിപ്പെട്ടു പരിശ്രമിച്ച് തോറ്റു പോയവർ ...
ഒരു ഫോൺ കോളിന്റെ അകലത്തുണ്ടവർ ഇപ്പോഴും .
അച്ചാറേ ... ( Asharudheen)
ചെമ്മീനേ ...(Shimil)
ഈയാം പാറ്റേ ...( Adil)
കമ്പീ ... (Akhil )
ആന പ്പാപ്പാനേ ...(Risvi)
എന്നൊക്കെ ഇരട്ടപ്പേരിട്ട് വിളിച്ചിരുന്ന ചിലരുമുണ്ട് ...
ഉപ്പും മുളകും കൂട്ടിയ കണ്ണി മാങ്ങ കിട്ടില്ലെന്നു കണ്ടപ്പോൾ ടീച്ചറോട് പരാതി പറഞ്ഞവർ ...
"റോഷ്‌നാ വോട്ട് ചെയ്യാൻ അന്നോട് ഞാൻ പറയൂലട്ടോ" എന്ന് പറഞ്ഞെന്റെ വോട്ടുറപ്പിച്ചവനുണ്ട് ഇക്കൂട്ടത്തിൽ അവന്റെ ഷൂ പ്രഹരങ്ങൾ അന്ന് വേദനയായിരുന്നെങ്കിൽ ഇന്നത് ഭൂതകാലക്കുളിരാണ് (Asharudheen)
ഇനിയൊരുത്തൻ കലാകാരനാണ് ... ആകാശത്ത് കാർ വരച്ചു വെച്ചവനാണവൻ
"ആകാശത്തിലൂടെ കാർ പോവ്വോ"എന്ന ചോദ്യങ്ങളെ "മേഘം കാറിനെ പ്പോലെ ആയതാ" എന്ന് പറഞ്ഞു നേരിട്ടവൻ ... ( shimil)
ഇടിയിൽ മുളച്ചു പൊങ്ങുന്നത് ഈയാം പാറ്റയാണെന്ന് ഉത്തരം പറഞ്ഞവനും ഉണ്ട് ആർക്കും സമയമില്ലിപ്പോൾ , ഓർക്കാൻ സമയം ഉള്ളതു കൊണ്ട് ഞാൻ ഓർക്കുന്നു ...
ചിത്രം വരച്ചും കഥകൾ എഴുതിയും എന്നെ അസൂയ പ്പെടുത്തിയ ഒരുവളുണ്ട് ( Shahna).. ഒത്തിരി കാലം ഒരു മിച്ച് സ്വപ്നം കാണാൻ കൂടെ ഉണ്ടായിരുന്നവൾ ...മറ്റൊരാളുടെ സ്വപ്നങ്ങളിലേക്ക് കയറിപ്പോയതിൽ പിന്നെ കണ്ടിട്ടില്ല അവളെ ...
ഇനിയും ഉണ്ട് അഴിയാത്ത കണക്കിന്റെ കുരുക്കഴിച്ചവൾ ( Murshida)
കണക്ക് കൂട്ടാൻ ഞാൻ മറന്ന് പോയത് കൊണ്ടാവാം അവളെയും മറന്നത്
ഇനിയൊരാൾ പന്ത്രണ്ട് വർഷം എന്നെ തൊട്ടിരുന്നവളാണ് (Shaharbanu )
കാണുമ്പോൾ എന്ത് പറയണം എന്ന് അറിയാത്തത് കൊണ്ട് ഞാൻ അവളെ മനപ്പൂർവ്വം അവഗണിച്ചതാണ് ...
പറയാൻ ഒരു പാടുള്ളതുകൊണ്ടാണ് നിന്നെ ഞാൻ കാണാൻ വരാത്തത് ...
കോളേജ് ഓർമ്മകളിൽ ജീവിതത്തിൽ കൊത്തി വെക്കേണ്ട ചിലരുണ്ട്
ഗരീബ് രഥിന്റെ ബോഗികളിൽ അപരിചിതത്വത്തെ പൂട്ടിയിട്ട്
എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നവർ
സൗഹൃദത്തിനുമപ്പുറം സാഹോദര്യമാണ് ഞങ്ങൾക്കിടയിൽ
ഫർഹാന , ഷാനിബ , തസ്നി , ഷഹാന , ജെറിൻ , അസ് ഹർ , ശഫീഖ് ...
എഴുതാൻ അക്ഷരങ്ങൾ തികയില്ലെനിക്ക് ...
വഴി ഇരുട്ടിൽ എനിക്ക് വെളിച്ചമായ ഒരുവനുണ്ട് ...( Shabin )
പഠനത്തെ പ്രണയിക്കാൻ പഠിപ്പിച്ചവനാണവൻ
സ്വപ്നങ്ങൾക്ക് ചിറകു വെച്ചു തന്ന് പറക്കാൻ ഉപദേശിച്ചവൻ
വാചാലതെയെക്കാളേറെ മൗനത്തിന് സംവദിക്കാനാവുന്നതു കൊണ്ടാവാം
നിന്റെ മൗനത്തിനൊരൽപ്പം കനം കൂടിപ്പോയത് ...
പുസ്തകങ്ങളോടും , ഗസലുകളോടും ,ഫോട്ടോഗ്രഫി യോടും എനിക്കും പ്രണയമായിരുന്നു അതുകൊണ്ടാവാം പലവട്ടം വെട്ടിയിട്ടും പിന്നെയും നിന്റെ ലിസ്റ്റിൽ നിനക്കെന്നെ ചേർക്കേണ്ടി വന്നത് ...
ഇനിയും ഒരാൾ ഞാൻ ക്ഷണിക്കാതെ എന്റെ സൗഹൃദത്തിലേക്കതിക്രമിച്ചു കയറിയവളാണ് ( Basima)
ഞാൻ അടയാളപ്പെടുത്താതെ സ്വയം എന്നിൽ അവളെ അടയാളപ്പെടുത്തിയവൾ ...
ഉപ്പു മാങ്ങക്കും ജീരക സോഡക്കും ഓർമ്മകളുടെ രുചിയാണെന്ന് ഓർമ്മപ്പെടുത്തുന്നുണ്ടവൾ നിരന്തരം
സമയത്തിന്റെ സമയമില്ലായ്മയെ ഓർമ്മിപ്പിക്കുന്നുണ്ട് മറ്റൊരുവൾ (Snigdha)
അനന്തതകളെക്കുറിച്ച് സ്വപ്നം കണ്ടവൾ
നിനക്കും എനിക്കും ഇടയിൽ മൗനത്തിന്റെ ഒരു നേർത്ത പാളിയുണ്ട്
നിനക്ക് മൗനത്തിന്റെ ഭാഷ അറിയുമല്ലോ ... നമുക്ക് സംസാരിക്കണം ഇടക്കെന്നെങ്കിലും കണ്ടുമുട്ടുമ്പോൾ ... നിന്നെ ഫേസ്ബുക്കിലോ വാട്ട്സ് ആപ്പിലോ ഒതുക്കാൻ ഇഷ്ടമല്ലെനിക്ക് ...
കാമ്പസിലെ മടുപ്പുകളെ ഞാൻ അതിജീവിച്ചത് ഹിഷാമേ ജിഷാനാ നിങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ...
കവിത ചൊല്ലാനും കഥ പറയാനും അന്തമില്ലാത്ത സംസാരങ്ങൾക്കും കൂട്ടുകൂടിയവർ ജിഷാനയുടെ ഭാഷയിൽ "ഇന്റലെക്ചൽ ടോക്കിന് ഒരു കുറവും ഇല്ലാത്ത" വൈകുന്നേരങ്ങൾ ഒരിക്കൽ കൂടി തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നുണ്ട് ...
ഇനിയും ഒരുവൾ എന്റെ നോട്ടുബുക്കിൽ കവിത പകർത്താൻ കൂടി തന്നവളാണ് ... ( Saliha)
ഹൃദയം കൊണ്ട് സംസാരിക്കുന്നവൾ
പുസ്തകങ്ങളെ പ്രണയിക്കുന്നവൾ
നീ പകർത്താത്ത കവിതകളുടെ വിടവുണ്ടെന്റെ നോട്ട് ബുക്കിൽ
പിജി ക്ലാസ്സിൽ ഇനിയും ഒരുപാട് പേരുണ്ട്
പത്തൊൻമ്പത് നിറങ്ങൾ ഒരുമിച്ചൊരു ചരടിൽ കോർക്കണം നമുക്ക്
ചിന്നിച്ചിതറിപ്പോയ നാൽപത് നിറങ്ങൾക്ക് പകരം വെയ്ക്കണമെനിക്ക്
കോളേജ് കാമ്പസിൽ ഇനിയും ഒരുപാടുണ്ട് മുഖങ്ങൾ
കൊട്ടകക്കൂട്ടമുണ്ട് ... മാഗസിൻ കമ്മിറ്റിയുണ്ട് ...
എന്റെ യുള്ളിലെ കാമ്പസിനെ സജീവമാക്കുന്നുണ്ട് നിങ്ങളോരോരുത്തരും
ഇത്രയൊക്കെ സമ്പന്നമായൊരു സൗഹൃദക്കൂട്ടമുണ്ടായിട്ടും
ജലത്തിൽ ചിത്രം വരക്കുന്നൊരു പരൽ മീനാണ് ഞാൻ
എങ്കിലും നിരാശയില്ല
കാരണം ,
"ദൈവത്തിനറിയാം
സൗഹൃദത്തെ എങ്ങനെ പരിചരിക്കണമെന്ന്
കരിക്കട്ട യായിട്ടതു കൈവരും
പരസ്പരം കൈമാറി മിനുക്കും നാമതിനെ
പൊന്നാക്കും
അതിനിടയിൽ എപ്പൊഴോ
അതു കളഞ്ഞു പോയെങ്കിൽ
ഖേദിക്കുന്നതെന്തിന് ?
തിരികെ കിട്ടുമ്പോൾ
വജ്രമായിട്ടുണ്ടാകുമത്
ദൈവത്തിനറിയാം
സ്നേഹത്തെ എങ്ങനെ
കഠിനമാക്കണമെന്ന് "
എന്നെഴുതിയിട്ടുണ്ടല്ലോ വീരാൻ കുട്ടി മാഷ് ...
No comments:
Post a Comment