പ്രിയ ജിബ്രാൻ ...
ലബനോനിന്റെ പ്രണയ ഗായകാ...
നിന്റെ അധരത്തിൽ നിന്നുതിർന്ന കാവ്യത്തിന്റെ
മാധുര്യം അറിയുന്നവൾ ഞാൻ ... ,
അകലെ ... , അകലെ ... ബിസ്‌ഹാരിക്കും ലെബനോനിനും അപ്പുറം,
ഏഴു കടലുകൾക്കുമപ്പുറം ....,
ഏറെ വിദൂരതയിൽ നിന്നും നിനക്കായ് കുറിക്കുന്നു...
ജിബ്രാൻ,
ഞാൻ അറിയുന്നു നിന്റെ ബിസ്‌ഹാരിയുടെ സൗന്ദര്യം
പളുങ്കു നൂലുകളാൽ ദൈവം തുന്നിയെടുത്ത നിന്റെ ഗ്രാമം
എന്നെ വല്ലാതെ മോഹിപ്പിക്കുന്നു ജിബ്രാൻ ,
ഞാൻ ഗ്രാമീണ സൗന്ദര്യം നിഷേധിക്കപ്പെട്ടവൾ !!
കവിത ഉതിർക്കുന്ന നെയ്യാമ്പൽ തടാകങ്ങളും ,
താഴ്‌വാരങ്ങളിൽ നീ ആസ്വദിച്ച ആട്ടിടയന്മാരുടെ ഗാനാലാപനങ്ങളും
ശരത് കാല പക്ഷി കൂട്ടങ്ങളും ,
മുന്തിരിച്ചാറിലൂറുന്ന മാധുര്യവും എനിക്കിന്നന്യമാണ് ...
ഞാൻ കാണുന്നു ജിബ്രാൻ, ... പക്ഷി കൂട്ടങ്ങൾ ചക്രവാളങ്ങളിലേക്ക് പറന്നകലുന്നത് , ഒരിക്കലെങ്കിലും അവയോടൊപ്പം പറക്കാനായെങ്കിൽ എന്നു ഞാൻ ആശിച്ചു പോകുന്നു... ദൈവം ഒരുക്കി വച്ച കൂടു തേടി അവ ഇപ്പോഴും പറക്കുകയാണ്... നീയും പോയില്ലെ നിന്റെ കൂടു തേടി ... മുന്തിരി വള്ളിയിലൂടൂറുന്ന ചാറു നുണഞ്ഞ് നിന്റെ കൂട്ടിൽ നീ അമരനായ് വസിക്കുമ്പോൾ
അകലെ നിന്റെ ഏകാന്തതയെ പ്രണയിച്ച് ഞാനും
ജിബ്രാൻ ...,എനിക്കും പറക്കണം ... അകലെ വിദൂരതയി ലേക്ക് ...
ഏകാന്തതയിലേക്കു തുറക്കുന്ന ജാലകങ്ങൾ തേടി...,
മഴ മേഘങ്ങൾക്കപ്പുറം ... ഏഴ് ആകാശങ്ങൾക്കു മപ്പുറത്തേക്ക് ... ...
No comments:
Post a Comment