Saturday, 8 December 2018

ഞാൻ മരിച്ചാൽ

ഞാൻ മരിച്ചാൽ തീർച്ചയായും നീ അത്‌ അറിയുക തന്നെ ചെയ്യും
അറിഞ്ഞാൽ അവസാനമായൊന്ന് കാണാൻ നീ വരിക തന്നെ ചെയ്യണം
തണുത്ത എന്റെ കൈ വിരലുകളിൽ നിന്റെ കൈ വിരലുകൾ ചേർക്കണം നീ ...
അപ്പോൾ മാത്രം ഇല്ലാതായ  ആ വിരൽ വിടവുകൾ നീ ഇല്ലായ്മയായിരുന്നെന്നറിയണം നീ

എന്റെ മുഖപടം മാറ്റി നിന്നെ തേടുന്ന തുറന്ന  കണ്ണുകളിലേക്ക്‌ നീ നോക്കണം
നിന്റെ മുഖമതിൽ തെളിയും വരെ
പിന്നെ പതിയെ എന്റെ കണ്ണുകളടയുന്നത്‌ കണ്ടാൽ ഭയക്കരുത്‌ നീ
ഇത്രയും നേരം കാത്തു കിടന്നതത്രയും അവസാനമായ്‌ നിന്നെയൊന്ന് കാണാൻ വേണ്ടിയായിരുന്നെന്ന് ...
എന്തേ ഇത്രയും വൈകിയതെന്ന് ...
എന്റെ മരണം നിന്നോട്‌ പരിഭവിക്കും
അപ്പോൾ വരാൻ വൈകിയ കാരണങ്ങളിൽ
നിന്റെ തിരക്കുകളുടെ ഭാണ്ഠങ്ങളിറക്കി 
ഒട്ടും തിരക്കില്ലാതെ
നീ എന്നെ അനുഗമിക്കണം
നിന്റെ ഉള്ളം  കൈയ്യിലൊരു ചെമ്പരത്തിച്ചെടി കരുതണം നീ എന്റെ പാദത്തോട്‌ ചേർത്ത്‌ നീ
ആ ചെടി അവിടെ നടണം 
എന്റെ  പാദങ്ങളതിന്റെ വേരാവട്ടെ  ചുവന്നു പൂക്കട്ടെ പിന്നെയും  എന്റെ പ്രണയം

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.