Saturday, 28 April 2018

സിനിമ പറഞ്ഞു കൊണ്ടേയിരിക്കുന്നത്‌

ഏറെ ജനപ്രിയമായ ഒരു കലയാണ് സിനിമ. ആശയ സംവാദനത്തിന്‌ ഉപയുക്തമായ ഒരു മാധ്യമം എന്നതിൽ ഉപരി ഒരു കലാ സൃഷ്ടി എന്ന നിലയിൽ പൊതു ജീവിതത്തിൽ വളരെ അധികം സ്വാധീനം ചെലുത്താൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.സിനിമയുടെ പരാജയവും വിജയവും അതിന്റെ കാഴ്ചക്കാരനെ ആശ്രയിച്ചിരിക്കും.കാഴ്ചക്കാരന്റെ ദൃഷ്ടിയിൽ ഒരേ സമയം യാഥാർഥ്യവും മിഥ്യയും സത്യമായി അനുഭവപ്പെടുന്നിടത്താണ് പലപ്പോഴും സിനിമയുടെ വിജയം.ഒരർത്ഥത്തിൽ കാഴ്ചക്കാരന്റെ അറിവിന്റെയും അജ്ഞതയെയും ഒരേ പോലെ ചൂഷണം ചെയ്യുന്നുണ്ട് സിനിമ.

ഓരോ സിനിമയും നൽകുന്ന കാഴ്ചകൾ വ്യത്യസ്തമാണ്  എന്നത് പോലെ ഓരോ കാഴ്ചക്കാരനും കാണുന്ന സിനിമയും വ്യത്യസ്തമാണ്.സിനിമ നൽകുന്ന കാഴ്ച്ചയും കാഴ്ചക്കാരന്റെ സിനിമയും തമ്മിലുള്ള അന്തരങ്ങളുടെയും സാമ്യതകളുടെയും ആകെത്തുകയാണ്  ഒരു സിനിമ.സിനിമ കാഴ്ചകളുടെ ഈ വ്യത്യസ്തതയും വൈവിധ്യതയും തന്നെ ആണ് സിനിമയെന്ന കലയെ ജനപ്രിയമാക്കുന്നതും.എന്നാൽ പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിൽ പോലും സിനിമയെയും അതിന്റെ ചരിത്രത്തെയും വിശകലനം ചെയ്യുകയാണെങ്കിൽ അപ്രിയമായ പലതും ആ മേഖലയിൽ കാണാൻ സാധിക്കും.

ഫോട്ടോഗ്രാഫി എന്ന സാങ്കേതിക വിദ്യയുടെ വളർച്ചയാണ് സിനിമ എന്ന മാധ്യമത്തിന്റെ  പിറവിക്ക് നിമിത്തമായത്. ഫോട്ടോഗ്രാഫിയുലൂടെ നിശ്ചല ദൃശ്യങ്ങൾ പകർത്താം എന്നായതോടെ ചലിക്കുന്ന ദൃശ്യങ്ങളും പകർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ഇംഗ്ലണ്ട് ,ഫ്രാൻസ് എന്നിവിടങ്ങളിൽ ആരംഭിച്ച ഈ ശ്രമങ്ങളാണ് പിന്നീട് സിനിമയുടെ പിറവിക്ക് വഴിയൊരുക്കിയത്.

ഒരു സെക്കൻഡിൽ 24 ചിത്രങ്ങൾ ഒരുമിച്ച് ചലിപ്പിച് ചലിക്കുന്ന ചിത്രങ്ങൾ എന്ന അവിശ്വാസനീയത ആദ്യമായി സൃഷ്ടിച്ചത് ലൂമിയർ സഹോദരങ്ങളാണ്.'workers leaving the Lumiere factory' എന്ന ആദ്യ ചിത്രത്തിലൂടെ 'ചലിക്കുന്ന ചിത്രങ്ങൾ' എന്ന അവിശ്വസനീയത ആദ്യമായി ലോകത്തിനു മുൻപിൽ അവതരിക്കപ്പെട്ടു.ആയിരത്തി എണ്ണൂറുകളിൽ ആരംഭിച്ച സിനിമ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് ലൂമിയർ സഹോദരന്മാരുടെ തന്നെ arrival of train  എന്ന സിനിമ.ആദ്യ  പ്രദർശന വേളയിൽ തന്നെ പ്രേക്ഷകരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയ സിനിമയാണിത്.സിനിമയിൽ തങ്ങൾക്കു നേരെ ഓടിയടുക്കുന്ന  ട്രെയിൻ കണ്ടു ഭയപ്പെട്ട  ജനം നിലവിളിച്ചു തീയേറ്റർ വിട്ടോടുമ്പോൾ  യഥാർത്ഥത്തിൽ സിനിമ എന്ന കല അവിടെ വിജയിക്കുകയായിരുന്നു.ആശങ്കയും ഭീതിയും പരിഭ്രാന്തിയും പ്രേക്ഷകരിൽ സൃഷ്ടിക്കാൻ ആ സിനിമക്കായി.അതോടെ സിനിമ എന്ന കലാ മാധ്യമം ലോക ശ്രദ്ധ ആകർഷിച്ചു തുടങ്ങി.ലോകം എന്ത് ചിന്തിക്കുന്നു എന്നതിന്റെ നേർക്കാഴ്ച്ചയാണ് പലപ്പോഴും സിനിമകൾ.എന്നാൽ ലോകം എന്ത് ചിന്തിക്കണമെന്നും എങ്ങനെ വർത്തിക്കണമെന്നും ഉള്ള ഒരു മിഥ്യാധാരണ സൃഷ്ടിച്ചെടുക്കാനും സിനിമകൾ ശ്രമിച്ചിട്ടുണ്ട്.ലോകത്തു നില നിൽക്കുന്ന പല മിഥ്യാ ധാരണകളുടെയും ഉറവിടമന്വേഷിച്ചാൽ ഒരു പക്ഷെ എത്തിച്ചേരുന്നത് ഒരു സിനിമായിലേക്കായിരിക്കും.സിനിമയിലെ ഗ്ലാമർ സങ്കല്പങ്ങൾ ഇത്തരത്തിൽ പടച്ചുണ്ടാക്കിയ ഒരു മിഥ്യാധാരണ ആണ് പ്രത്യേകിച്ചും സ്ത്രീകളെക്കുറിച്ചുള്ളവ.ശാരീരിക ആകാര  ഭംഗിയും ചർമ കാന്തിയും വസ്ത്രധാരണാ രീതികളുമാണ് 'സൗന്ദര്യം' എന്ന തെറ്റായ ധാരണ ഹോളിവുഡ് ലോകത്തിനു നൽകിയ വലിയ സംഭാവന ആണ്.

മലയാള സിനിമ ലോകത്തെയും വളരെ അധികം ബാധിച്ചിട്ടുണ്ട് ഈ തെറ്റുധാരണ. മലയാളിയുടെ മനസ്സിലും സിനിമയിലും വർണ സങ്കൽപ്പങ്ങൾക്ക് വളരെ അധികം സ്വാധീനമുണ്ട്.കറുത്ത ശരീരങ്ങൾക്ക് എല്ലാക്കാലത്തും മലയാള സിനിമയിൽ ഭ്രഷ്ട് തന്നെ ആണ്.വില്ലൻ കഥാപാത്രങ്ങൾക്കും കള്ളന്മാരായ ഗുണ്ടാ സംഘങ്ങൾക്കുമൊക്കെയാണ് മലയാള സിനിമയിൽ 'കറുത്ത നിറം' നൽകി പൊന്നിട്ടുള്ളത്.ഒരു നാണയത്തിന്റെ ഇരു വശങ്ങളെപ്പോലെ വർണ്ണവും ജാതിയും മലയാള സിനിമയിൽ കടന്നു വന്നിട്ടുള്ളത്.അവർണനെയും ജാതീയ ന്യൂനപക്ഷങ്ങളെയും  പരിഹസിക്കുന്ന സവർണ്ണ മനോഭാവം മലയാള സിനിമായുടെ തുടക്കം മുതലേ കാണാൻ സാധിക്കും.മുഖ്യ ധാര പൊതുബോധത്തെ ചോദ്യം ചെയ്യാതെ അതിനെ സംരക്ഷിച്ചു നിർത്തികൊണ്ടുള്ള വളർച്ചയാണ് മലയാള സിനിമ എന്നും ലക്ഷ്യം വച്ചത്.സവർണ പൊതു ബോധത്തെ ചോദ്യം ചെയ്തപ്പോഴൊക്കെയും സിനിമ പരാജയത്തിൽ കലാശിച്ചിട്ടെ ഉള്ളു.മലയാള സിനിമയുടെ ആചാര്യൻ ജെസി ഡാനിയലിന്റെ വിഗത കുമാരൻ പരാജയമാവുന്നതും രാമു കാര്യാട്ടിന്റെ  നീലക്കുയിൽ വിജയമാവുന്നത്. സിനിമയിലെ സവർണ ജാതി മേൽക്കോയ്മയുടെയും പൊതു ബോധത്തിന്റെയും പ്രതിഫലനങ്ങളാണ്.

മുഖ്യ ധാര പൊതുബോധത്തെ തിരുത്തും എന്നവകാശപ്പെട്ടു വന്ന ന്യുജൻ സിനിമകൾ പോലും സവർണ്ണ ജാതി ബോധത്തിലും വർണ്ണ ബോധത്തിലും കെട്ടു ബന്ധിതമായ കാഴ്ചയാണ് നാം ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്.രാജീവ് രവിയുടെ കമ്മട്ടിപ്പാടവും അതാണ് നമുക്ക് കാണിച്ചു തരുന്നത്.സ്ഥിരം വേഷമായ കൂലിത്തല്ലുകാരനിൽ നിന്ന് വിനായകൻ എന്ന നടനെ താര പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട് 'കമ്മട്ടിപ്പാട 'മെങ്കിൽ അത് വ്യക്തമാക്കുന്നത് വിനായകൻ എന്ന നടന്റെ നടന മികവാണ്.അത് കൊണ്ട് തന്നെ ആണ് മികച്ച  നടനുള്ള സംസ്ഥാന അവാർഡ് അദ്ദേഹത്തെ തേടി എത്തിയതും. എന്നാൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിക്കുമ്പോഴും ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത് വിനായകൻ അല്ല  എന്നത് മലയാള സിനിമയിലെ സവർണ ബോധത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ്. വിനായകൻ  എന്ന നടനെ വളർത്തിയെടുത്ത,അയാളുടെ ജീവിതത്തിന്റെ ഭാഗമായ എറണാകുളം സിറ്റിയിലെ കമ്മട്ടിപ്പാടമെന്ന ചേരിയുടെ കഥ പറയാൻ മറ്റൊരു ഗ്ലാമർ നടൻ വേണ്ടി വന്നു എന്നത് ആ ആ സിനിമായുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്നുണ്ട്. എന്ത് കൊണ്ട് വിനായകന്മാരുടെ മാത്രമായ സിനിമകൾ ഇറങ്ങുന്നില്ല എന്ന ചോദ്യം ബാക്കിയാവുകയാണിവിടെ.

ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് മലയാള സിനിമയിലെ മുസ്ലിം അപരവൽക്കരണം.കേരളത്തിൽ സിനിമയിൽ ഒരു പുരോഗമന കലയായിട്ടാണ് വീക്ഷിക്കപ്പെട്ടിട്ടുള്ളത്.എന്നാൽ പുരോഗമ കാഴ്ചപ്പാടുകളെ അപകീർത്തിപ്പെടുത്തന്നതാണ് സിനിമയിലെ സവർണ ബോധവും ബ്രാഹ്മണീയതയും മുസ്ലിംഅപര വൽക്കരണവും.മുസ്ലിം ജന വിഭാഗങ്ങളെ വില്ലൻ സ്ഥാനത്തു നിർത്തുന്ന നിലപാട് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ സിനിമയിൽ കാണാനാവും.എപ്പോഴും നായകൻ നല്ല ഭാഷ സംസാരിക്കുന്നവനും ഉയർന്ന ജാതിക്കാരനും ആയിരിക്കണമെന്നതും വില്ലൻ സ്ഥാനത്തു ഒരു മുസ്ലിം തന്നെ വേണമെന്നുള്ളതുമൊക്കെ മലയാള സിനിമയിൽ മുസ്ലിം അപരവൽക്കാരണം   ഉണ്ടായിട്ടുണ്ട്  എന്നതിനു തെളിവാണ്. എന്നാൽ അടുത്ത കാലത്തു പുറത്തിറങ്ങിയ ചില ന്യൂജെൻ സിനിമകൾ സിനിമയിലെ അപരവൽക്കരണത്തെ  ചെറുക്കുന്നതാണ്.

സ്ത്രീ ശാക്തീകരണം ശക്തിയാർജിച്ചതിന്റെ പ്രതിഫലനങ്ങൾ ലോക സിനിമയിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  സമയത്തും മലയാള സിനിമ കാഴ്ചക്കാരനെ കബളിപ്പിക്കുകയാണ് അക്കാര്യത്തിലും.സ്ത്രീപക്ഷ  സിനിമകൾ എന്ന ലേബലിൽ പുറത്തിറക്കുന്ന മിക്ക സിനിമകളും പുരുഷ കേന്ദ്രീകൃത ലോകത്തിന്റെ നേർ പരിഛേദമാണ്. പുരുഷന്റെ കണ്ണിലൂടെ സ്ത്രീയെ കാണാൻ മാത്രമേ സിനിമ ലോകം പഠിച്ചിട്ടുള്ളു എന്ന് വേണം കരുതാൻ. മാർട്ടിൻ പ്ലക്കർട്ടിന്റെ  ചാർലി റോഷൻ ആൻഡ്‌റൂസിന്റെ  ഹൌ ഓൾഡ് ആർ യു ലാൽ ജോസിന്റെ നീന ഇവയെല്ലാം സ്ത്രീ കഥാപത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടങ്കിൽ പോലും പുരുഷ ലോകത്തേക്ക് ഒതുങ്ങികൂടുന്ന സ്ത്രീകളെ ആണ് കാണിക്കുന്നത്.കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനയെ പുകഴ്ത്തി പാടുന്ന മലയാള സിനിമയ്ക്ക് അങ്ങനെ ആവാതെ തരമില്ലല്ലോ.എന്നാൽ മാൻ ഹോൾ പോലുള്ള സിനിമകൾ മാറി വരുന്ന  കാഴ്‌ചപ്പാടിനെ  ചിത്രീകരിക്കുന്നുണ്ട്.
'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള  സിനിമകളും മലയാളത്തിൽ  വിരളമല്ല.എന്നാൽ രാഷ്ട്രീയ ലാഭങ്ങളും സാമ്പത്തിക ലാഭങ്ങളും മുൻ നിർത്തുമ്പോൾ യാഥാർഥ്യം വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.അവിടെ സിനിമ സിനിമയാണെന്നും ഡോക്യുമെന്ററി അല്ലെന്നും പറഞ്ഞവസാനിപ്പിക്കാമെങ്കിൽ പോലും കാഴ്ചക്കാരന്റെ മനസംതൃപ്തിയെയും  അത് വഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭത്തെയും ലക്ഷ്യം വച്ചു സിനിമക്കാസ്പദമായിട്ടുള്ള യഥാർത്ഥ സംഭവങ്ങളെയും ചരിത്രത്തെ തന്നെയും വളച്ചൊടിക്കുന്നത് കള്ളത്തരമാണെന്ന് പറയാതെ വയ്യ.

ചരിത്ര നിർമിതിക്കു പിന്നിലും സിനിമയുണ്ടായിട്ടുണ്ട്.ഹോളിവുഡ് യുദ്ധ സിനിമകൾ അതിനൊരുദാഹരണമാണ് ഇല്ലാത്ത യുദ്ധങ്ങളുടെ ചരിത്രമാണ് പലപ്പോഴും സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.യുദ്ധത്തെ പ്രകീർത്തിക്കുന്ന ഹോളിവുഡ് സിനിമകൾക്ക്  യുവാക്കളെ യുദ്ധത്തിലേക്ക് ആകർഷിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നിരിക്കണം.യുദ്ധം ചെയ്യാൻ സന്നദ്ധതയുള്ളവരാണ് യഥാർത്ഥ യുവാക്കൾ എന്ന ധാരണ പടച്ചു വിടാനും അത് വഴി പുതിയ ചരിത്രം നിർമിക്കാനും ഹോളിവുഡ്  ശ്രമിച്ചിട്ടുണ്ട്.

ചരിത്രത്തെ വളച്ചൊടിക്കുന്ന ഈ പ്രവണത മലയാളത്തിലും ഉണ്ടായിട്ടുണ്ട്.അത് പക്ഷെ യുദ്ധ സിനിമകളിലൂടെ ആയിരുന്നില്ല.മറിച്ചു ദേശ സ്നേഹ സിനിമകളിലൂടെയായിരുന്നെന്നു മാത്രം.രാജ്യ താല്പര്യം മുൻനിർത്തുന്ന,ദേശ സ്നേഹം തുളുമ്പുന്ന ഒട്ടു മിക്ക സിനിമകളും ലക്ഷ്യം വച്ചത് സിനിമയുടെ കച്ചവട താല്പര്യം തന്നെ ആണ്.എന്നാൽ സമൂഹത്തിൽ വളരെയേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും ഇത്തരം സിനിമകൾ കാരണമാവുന്നുണ്ട്.വർഗീയ വിദ്വേഷവും മത സ്പർധയും വളർത്തുന്നുവെന്നു മാത്രമല്ല അയൽ രാജ്യത്തെ'വില്ലൻ' സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിലൂടെ അയൽ രാജ്യത്തോട് ശത്രുതാ മനോഭാവം വളർത്തിയെടുക്കുക  എന്ന നീച വൃത്തിക്കും  ശ്രമിക്കുന്നുണ്ട് സിനിമ.മേജർ രവിയുടെ കീർത്തിചക്രയും കുരുക്ഷേത്രയുമെല്ലാം ഈ ഗണത്തിൽ ഉൾപ്പെടുന്ന സിനിമകളാണ്.

ലോകത്തുടനീളം സിനിമ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട് സിനിമയിൽ അധോലോക ശക്തികൾ പിടി മുറുക്കിയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.ലോകത്തു സംഭവിച്ച വൻ  തീവ്രവാദി അക്രമണങ്ങൾ പോലും മാസവും തീയതിയും തെറ്റാതെ പ്രവചിക്കാൻ സിനിമയ്ക്ക് ആയിട്ടുണ്ടെങ്കിൽ ആ അക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഗൂഡ സംഘങ്ങൾ സിനിമയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് തന്നെ ആണ്  വിശ്വസിക്കേണ്ടത്.1991 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ,മെട്രിക്സ് എന്ന സിനിമകൾ 2001 സെപ്തംബർ 11 ന് നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ പ്രവചിച്ച സിനിമകളാണ് ഒളിഞ്ഞും തെളിഞ്ഞും ആ സിനിമയിൽ 9/11 പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് വിരൽ ചൂണ്ടുന്നത് സിനിമയിലെ അധോലക ബന്ധങ്ങളിലേക്കാണ്.

സിനിമ കല എന്നതിലുപരി കച്ചവടമായി വളർന്നിട്ടുണ്ട്.സിനിമയെന്ന കലാ സൃഷ്ടിയെ കച്ചവടവൽക്കരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരാണ് കാനൻ ഫിലിംസിന്റെ ഉടമസ്ഥരായ  യോറയും മെനാഹമും.ഹോളിവുഡിലെ  ബി ഗ്രേഡ് സിനിമ രാജക്കന്മാരായിരുന്നു യോറയും മെനാഹമും.1970 കളിൽ ഇസ്രായേലിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ ചെയ്ത് ശ്രദ്ധേയരായവരാണ്  ഇരുവരും.1979 മുതൽ 1986 വരെ തുടർന്ന കാനൻ ഫിലിംസിന്റെ ജൈത്രയാത്രയ്ക്ക് ചുക്കാൻ പിടിച്ചത് യോറയും മെനാഹയും ആയിരുന്നു.പലയിടത്തു  നിന്നും സ്ക്രിപ്റ്റുകൾ വാങ്ങിക്കൂട്ടുകയും അതിൽ തങ്ങളുടേതായ മാറ്റങ്ങൾ വരുത്തുകയും ചെയ്ത് പ്രേക്ഷക ശ്രദ്ധയാകർഷിക്കാനും അത് വഴി സിനിമയെ ഒരു കച്ചവട വസ്തുവാക്കി പണം വരിക്കൂട്ടുകയും ചെയ്തു കുബുദ്ധികളായ യോറയും മേനാഹമും.വളരെ  വലിയ മുതൽ മുടക്കിൽ സിനിമകൾ നിർമിക്കാൻ യോറയും മെനാഹമും ഒരുക്കമായിരുന്നില്ല.മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ കാഴ്ചപ്പാട്.വിദേശ സിനിമകൾ വാങ്ങി അതിലേക്ക് നഗ്നത  കുത്തിക്കയറ്റി ആർട്ട് ഫിലിം എന്ന പേരിൽ റിലീസ് ചെയ്ത് പണവും പ്രശസ്തിയും വരിക്കൂട്ടുന്നതിലുള്ള കുശാഗ്ര ബുദ്ധിയാണ് കാനൻ ഫിലിംസിന്റെ വളർച്ചയ്ക്ക് പിന്നിലുള്ള രഹസ്യം.

മലയാളത്തിൽ ഇത്തരത്തിലുള്ള കച്ചവട തന്ത്രങ്ങൾ പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിൽ പോലും മറഞ്ഞിരിക്കുന്ന കച്ചവട തന്ത്രങ്ങൾ കാണാതിരിക്കാൻ വയ്യ. പലപ്പോഴും സിനിമയ്ക്ക് പുറത്തെ  ഹീറോയുടെ 'ഫാൻസ്'പരിവേഷവും മനപ്പൂർവം ഉണ്ടാക്കിയെടുക്കുന്ന വിവാദങ്ങളും ചിലപ്പോഴൊക്കെ നായകന്മാർ സിനിമയ്ക്ക് പുറത്തു കാണിക്കുന്ന 'ഉദാര  മനസ്ഥിതിയും' സിനിമയുടെ സാമ്പത്തിക വിജയ ലക്ഷ്യം വച്ചല്ല എന്ന് പറയാൻ സാധിക്കില്ല.ധാർമികമായി ഇരിക്കേണ്ട കലാ മേഖലയിൽ ആധാർമികത പിടി മുറുക്കുന്ന കാഴ്ചയും അടുത്ത കാലത്തു കാണാൻ സാധിച്ചു. ജയിലറയ്ക്കുള്ളിലാവുന്ന നായകനും കാസ്റ്റിംഗ് കൗച്ചു വിവാദങ്ങളും വിരൽ ചൂണ്ടുന്നത് സിനിമയുടെ ആധാർമികതയിലേക്കാണ്.

കല കലയ്ക്ക് വേണ്ടിയാണെങ്കിൽ പോലും ജനപ്രിയമായ ഒരു കല ഉയർത്തി പിടിക്കേണ്ട ചില മൂല്യങ്ങൾ ഉണ്ട്...ആ മൂല്യങ്ങൾ നഷ്ടപ്പെടുന്നിടത്തു കല മരിക്കുകയാണ്.കല എപ്പോഴും 'സുവിശേഷം' ആവണം എന്നില്ല.എങ്കിൽ പോലും കല കലയായി നില നിൽക്കേണ്ടതുണ്ട്.കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും ഇല്ലാതാകുമ്പോൾ മാത്രമേ കലയ്ക്ക് കലയായി നില നില്ക്കാൻ ആവൂ.

നിന്നോടൊപ്പം  നനയാൻ കൊതിച്ചൊരു  മഴക്കാലമുണ്ടെന്റെ വാതിലിനപ്പുറം മടിച്ചു മടിച്ചു പെയ്യുന്നു.ഓർമക ളെ നനക്കുന്ന പൊള്ളുന്ന മഴ.