ദ്രവിച്ചു പഴകിയൊരു വീടെനിക്കുണ്ടായിരുന്നു...
മേൽക്കൂര നഷ്‌ടപ്പെട്ടൊരു വീട്
വെയിലേറ്റു ഞാൻ കത്തിയൊലിച്ചിട്ടുണ്ട്
മഴയേറ്റു ഞാൻ നനഞ്ഞൊട്ടാറുമുണ്ട്
കാറ്റ് പലപ്പോഴും എന്റെ വിളക്കണച്ചിട്ടുമുണ്ട്
എങ്കിലും ആ വീടെന്റേതായിരുന്നു...
കുത്തിയൊലിച്ചു വന്നൊരു മലവെള്ളപ്പാച്ചിലിൽ
എന്റെ വീടിന്നലെ നിലം പൊത്തി ...
ഇന്ന് മറ്റാരുടേയോ വീട്ടിൽ ഞാൻ അതിഥിയാണ്
ദൃഢമായ മേൽക്കൂരയുള്ളൊരു വീടാണ്
ഞാനിവിടെ ''സുരക്ഷിതയാണത്രേ"
ശരിയാണ് ഞാനിവിടെ 'സുരക്ഷിതയാണ്'
വെയിലു കൊള്ളാറില്ല ഞാനിപ്പോൾ
മഴ നനയാറുമില്ല ...
ഒരു കാറ്റും എന്റെ വിളക്കണക്കാൻ
ഒന്നെത്തി നോക്കാറു പോലുമില്ല
എങ്കിലും ... ഇതെന്റെ വീടല്ലല്ലോ
എനിക്കെന്റെ വീട് നഷ്‌ടപ്പെട്ടിരിക്കുന്നു...